വെള്ളറട: റബർ ടാപ്പിംഗിനിടെ കാട്ടുപന്നി ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പ്രാണരക്ഷാർഥം മരത്തിൽ കയറിയ അധ്യാപകനെ ഫയര്ഫോഴ്സെത്തി രക്ഷപ്പെടുത്തി. വെള്ളറട ശിശുപാലന് റോഡില് ശ്രേയസില് താമസിക്കുന്ന കോവില്ലൂര് രാധാകൃഷ്ണനെ(53)യാണ് കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചത്.
കോവില്ലൂര് കലപ്പക്കോണത്ത് പാറഖനനത്തെ തുടർന്ന് ഉപേക്ഷിച്ച 25 ഏക്കറോളം സ്ഥലം കാടുപിടിച്ചുകിടപ്പുണ്ട്. ഇവിടം കാട്ടുപന്നികളുടെ താവളമായിരിക്കുകയാണ്. പ്രാണരക്ഷാർഥം മരത്തില് കയറിയ രാധാകൃഷ്ണൻ രണ്ടു മരക്കൊന്പുകൾക്കിടയിൽ കുരുങ്ങുകയായിരുന്നു. എപ്പോഴും ബാഗില് ഫോണ് കരുതാറുള്ള രാധാകൃഷ്ണൻ തന്നെയാണ് രാവിലെ പത്തോടെ ഫയർഫോഴ്സിനെ വിവരം അറിയിച്ചത്.
തുടർന്നു പാറശാലയില് നിന്നുള്ള ഫയര്ഫോഴ്സ് സംഘമാണ് അരമണിക്കൂറിനുള്ളില് സ്ഥലത്തെത്തി രാധാകൃഷ്ണനെ സുരക്ഷിതമായി താഴെയിറക്കിയത്. കൂതാളി ഈശ്വരവിലാസം സ്കൂളിലെ അധ്യാപകനും കവിയും നാടകകൃത്തുമാണ് രാധാകൃഷ്ണന്. പാറശാല ഫയര് സ്റ്റേഷനിലെ എസ്ഐ യേശുദാസന് ടി, സീനിയര് ഫയര് ഓഫിസര് സനല് ജ്യോതി, ഫയര്ഫോഴ്സ് ഉദ്യോഗസ്ഥരായ ബിജു, ബേബി, ശ്രീകാന്ത് ചന്ദ്രന്, വിന്സ് രാജ്, ബിന്സി, ഹോംഗാര്ഡ് വേണുഗോപാലന് നായര്, ശശികുമാര് അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. 250 കിലോഗ്രാമിലധികം ഭാരമുള്ള ഭീമന് പന്നിയാണ് ആക്രമിക്കാന് ശ്രമിച്ചതെന്നും അവസരോചിതമായി മരത്തിൽ കയറിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്നുമാണു രാധാകൃഷ്ണന് പറയുന്നത്.